National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണം. മമത ബാനർജി സഖ്യത്തിന്റെ മുഖമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യും. മമത ബാനർജി ഇല്ലാത്ത ഇന്ത്യാ സഖ്യത്തിന് പ്രസക്തിയില്ലെന്നും പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
നേരത്തെ കേരളത്തിൽ പിണറായി സർക്കാർ തുടരുമെന്ന് അയ്യർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ എഐസിസി നേതാക്കളടക്കം രംഗത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംസിടിഎ. ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നും ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ലെന്നും സംഘടന പറഞ്ഞു.
അന്വേഷണം പൂർത്തിയാകും മുൻപുള്ള സസ്പെൻഷൻ അംഗീകരിക്കാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും. ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പത്ത് വർഷമായി പറയുന്നു. ആശുപത്രികൾ ജോലി ചെയ്യുന്നത് മന്ത്രിയല്ല. ഡോക്ടർമാരാണ്. ആശുപത്രികളിലെ കുറവ് അറിയുന്നത് ഞങ്ങൾക്കാണെന്നും എല്ലാ സൗകര്യവും ഉണ്ടെന്നാണോ കരുതുന്നതെന്നും ഇവർ ചോദിച്ചു.
ആരോഗ്യ മന്ത്രി സംവാദത്തിന് തയാറാണോയെന്നും ഡോക്ടർമാർ ചോദിച്ചു. ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടില്ല. പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയം ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Kerala
തൃശൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി കെ. രാജൻ. ഇത്തരം നടപടികൾ ആർക്കും ഗുണം ചെയ്യില്ലെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുകയാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവത്തിന് പിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും പ്ലാൻ ചെയ്ത് തയാറാക്കിയ ഒന്നായി ഇതിനെ കാണേണ്ടതില്ല. പ്രാദേശികമായ എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് അവിടെത്തന്നെ തീരേണ്ടതാണ്. ഇത്തരം കാര്യങ്ങളെ പർവതീകരിക്കേണ്ട സാഹചര്യമില്ലെന്നും ആരുടെയെങ്കിലും പ്രത്യേക നിലപാടോ ഇടപെടലോ ഇതിലുണ്ടെന്ന് വിശ്വസിക്കുന്നില്ല. എതിരഭിപ്രായങ്ങളോട് മുഖം ചുളിക്കുന്നതോ ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നതോ ശരിയല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
ആറന്മുള ഇലക്ട്രോണിക് സിറ്റി പദ്ധതിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഭൂമി സംബന്ധിച്ച ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പദ്ധതിയിൽ എതിർപ്പുണ്ടായിരുന്നത്. അക്കാര്യങ്ങളിൽ ഇപ്പോഴും മാറ്റമില്ലെന്നും സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മലപ്പുറത്ത് എസ്എന്ഡിപിയ്ക്ക് കോളജുകള് അനുവദിക്കുന്നില്ലെന്ന വാദം തെറ്റാണ്.
മുസ്ലിംലീഗിനെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് ഇസ്ലാമിനും മലപ്പുറത്തിനും എതിരാകുന്നത്. എ.കെ.ബാലന്റെയും സജി ചെറിയാന്റെയും പരാമർശത്തെയും അദ്ദേഹം തള്ളി. ഇരുവരും പറഞ്ഞത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും അതിൽ വസ്തുതയില്ലെന്നും മുതിർന്ന സിപിഎം നേതാവ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില് മുസ്ലിം ലീഗ് നേട്ടമുണ്ടാക്കിയത് പണം നല്കിയാണ്. ലക്ഷങ്ങള് കൊടുത്താണ് ലീഗ് വോട്ടു വാങ്ങിയതെന്നും പാലോളി മുഹമ്മദു കുട്ടി ആരോപിച്ചു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടമായില്ല. വി.ഡി.സതീശന് മുസ്ലിം ലീഗിന്റെ സ്വരമാണ് ഇപ്പോൾ.
വി.ഡി.സതീശന് വട്ടാണ്. ഊളമ്പാറയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സതീശൻ ഈഴവ വിരോധിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശൻ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയ മര്യാദ കാണിക്കണം. സതീശൻ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാം. കേരളത്തിലെ സാമൂഹിക - രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് നായാടി മുതൽ നസ്രാണി വരെ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. പി.സി.തോമസ്, അൽഫോൺസ് കണ്ണന്താനം എന്നിവരെ മന്ത്രിമാരാക്കിയിട്ടും അനിൽ ആന്റണിയെ കൂടെയുണ്ടായിട്ടും ബിജെപിക്ക് എന്ത് ഫലമാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
എൻഎസ്എസ് നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകൽച്ച ഇപ്പോഴില്ല. ജി.സുകുമാരൻ നായർക്ക് അസുഖമായിരുന്നപ്പോൾ താൻ അദ്ദേഹത്തെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു. പഴയ രീതിയിലുള്ള അകൽച്ച ഇപ്പോൾ ഇരു വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസും എസ്എൻഡിപിയും ഒന്നിച്ചുനിൽക്കണമെന്നും അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫ് ആണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്.
ആ കസേരയുടെ മഹത്വം മനസിലാക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി വിളിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന്റെ നിലപാടുകളെ തള്ളി സിപിഐ. സിപിഎം വസ്തുതകൾ മറച്ച് വെയ്ക്കുകയാണ്. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് കാരണമായി. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തി.
ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുമ്പോഴാണ് സിപിഐ ഇതിനെ എതിർത്ത് രംഗത്തെത്തിയത്. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിയായി. സിപിഐ എക്സിക്യൂട്ടീവിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോൾ കോൺഗ്രസ് നടപടിയെടുത്തു. പത്മകുമാറിനെതിരെ സിപിഎം എന്ത് നടപടിയെടുത്തു. സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിച്ചെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
ഞായറാഴ്ച ചേർന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.
Movies
ആമിർ ഖാന്റെയും രൺവീർ സിംഗിന്റെയും അഭിനയത്തെ വിമർശിച്ച് നടനും നിർമാതാവുമായ വിപിൻ ശർമ.
ആമിറിനെയും രൺവീറിനെയും മെത്തേഡ് ആക്ടേഴ്സ് എന്നു വിളിക്കാനാകില്ലെന്നും എല്ലാവർക്കും ഓരോ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരെ സമീൻ പർ എന്ന ചിത്രത്തിലുടെ പ്രശസ്തനാണ് വിപിൻ ശർമ്മ.
ധൂം 3 യിലെ ആമിറിന്റെ അഭിനയം മികച്ചതായിരുന്നെന്നും എന്നാൽ ലഗാൻ എന്ന സിനിമായിൽ ആമിർ വ്യത്യസ്ഥമായി അഭിനയിച്ചുവെങ്കിലും അതിനെ മെത്തേഡ് ആക്ടിംഗ് എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മാവത് സിനിമയിൽ അലാവുദ്ദീൻ ഖൽജിയായി അഭിനയിച്ച രൺവീർ സിംഗ് പിന്നീട് ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് സമയം എടുത്തു എന്നു പറഞ്ഞിരുന്നു. അതിനെ മെത്തേഡ് ആക്ടിംഗ് എന്നു വിളിക്കാൻ സാധിക്കില്ലെന്നും അത് ആ കഥാപാത്രം ചൊലുത്തിയ സ്വാധീനം മാത്രമാണെന്നും വിപിൻ പറഞ്ഞു.
ഇന്ത്യയിൽ മെത്തേഡ് ആക്ടേസ് ഇല്ല. ഒരു മാസംകൊണ്ട് മെത്തേഡ് ആക്ടിംഗ് ചെയ്യാൻ കഴിയുകയുമില്ല. പാശ്ചാത്ത്യ രാജ്യങ്ങളിലെ അഭിനേതാക്കൾ ഒരു മാസമെടുത്താണ് മെത്തേഡ് ആക്ടിഗ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ചാണ് തരൂർ വീണ്ടും പാർട്ടിക്കെതിരെ തിരിഞ്ഞത്.
കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണവും വിമർശനത്തിലുണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു.
പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം യാഥാർത്ഥ്യം എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു. തരൂർ മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമെന്നും അവലോകനത്തിൽ പറയുന്നുണ്ട്.
എന്നാൽ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വിജയിച്ച ബിജെപി കൗൺസിലർമാരെ തരൂർ അഭിനന്ദിച്ചത് വിവാദമായിരുന്നു.